എഐ പൊട്ടിത്തെറിക്കാവുന്ന കുമിള; പൂർണ്ണമായി വിശ്വസിക്കരുതെന്ന് മുന്നറിയിപ്പുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പറയുന്നതെല്ലാം പൂർണ്ണമായും വിശ്വസിക്കരുതെന്ന് എഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐയെ സംബന്ധിച്ച നിക്ഷേപങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ പൊട്ടിത്തെറിക്കാവുന്ന ഒരു കുമിളപോലെയാണെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു കമ്പനിയും അതിൽ നിന്ന് പൂർണ്ണമായി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്കാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒയും ഇന്ത്യൻ വംശജനുമായ പിച്ചൈ ഈ നിർണായക മുന്നറിപ്പ് നൽകിയത്.

എഐ മോഡലുകളിൽ പിശകുകൾ സംഭവിക്കാനുള്ള സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നതാണെന്നും അതിനാൽ ഉപയോക്താക്കൾ അവയെ മറ്റു ഉറവിടങ്ങളുമായും ഉപകരണങ്ങളുമായും സമന്വയിപ്പിച്ച് ഉപയോഗിക്കണം എന്നും പിച്ചൈ പറഞ്ഞു. എഐയെ മാത്രം ആശ്രയിച്ചല്ല, ശക്തമായ ഒരു വിവര സംവിധാനമാണ് ഏറ്റവും പ്രധാനമെന്നും അതുകൊണ്ടുതന്നെ ആളുകൾ ഇപ്പോഴും ഗൂഗിൾ സെർച്ച് തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യതയ്ക്കാണ് ഗൂഗിൾ കൂടുതലായി പ്രാധാന്യം നൽകുന്നതെന്നും ഈ ലക്ഷ്യത്തോടെ തന്നെ അതിന്റെ നിരവധി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും പിച്ചൈ കൂട്ടിച്ചേർത്തു.

സൃഷ്ടിപരമായി എന്തെങ്കിലും തയ്യാറാക്കുമ്പോൾ എഐ ഉപകരണങ്ങൾ വളരെ സഹായകരമാണെന്നും, പക്ഷേ അവ പറയുന്നതെല്ലാം വസ്തുതയായി സ്വീകരിക്കരുതെന്നും പിച്ചൈ ആവർത്തിച്ചു. ശരിയായ ഉദ്ദേശ്യത്തിനായി എഐ ഉപയോഗിക്കണം, അതിന്റെ പരിധികളും അപകടങ്ങളും മനസ്സിലാക്കണം എന്നതാണ് ഉപയോക്താക്കൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. എഐയെ വിശ്വാസ്യമായ കൂട്ടായ്മയായി മാറാൻ ഇപ്പോഴും അവശേഷിക്കുന്നു.

മെയ് മാസത്തിൽ ഗൂഗിൾ സെർച്ച് എഞ്ചിനിൽ ജെമിനി ചാറ്റ്ബോട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു പുതിയ എഐ മോഡ് അവതരിപ്പിച്ചിരുന്നു. കൃത്യമായ വിവരങ്ങൾ നൽകാൻ അവർ വലിയ പരിശ്രമം ചെയ്യുന്നതായിട്ടാണ് പിച്ചൈ വ്യക്തമാക്കിയത്. എന്നാൽ ഇന്നത്തെ എഐ സാങ്കേതികവിദ്യയുടെ പരിമിതികൾ കാരണം ചില പിശകുകൾ ഒഴിവാക്കാനാകുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എഐയിലെ വൻ വാഗ്ദാനങ്ങൾക്കൊപ്പം യുക്തിരാഹിത്യം കലർന്ന അപകടങ്ങളും നിലനിൽക്കുന്നുണ്ടെന്നും, എഐ കുമിള പൊട്ടിത്തെറിച്ചാൽ ഗൂഗിൾ ഉൾപ്പെടെ ഒരുമനുഷ്യനും സ്ഥാപനവും അതിൽ നിന്ന് പൂർണ്ണമായി സുരക്ഷിതരല്ലെന്നും പിച്ചൈയുടെ പ്രതികരണം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *