പാകിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിൽ ചാവേർ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

പെഷ്വാർ: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ പെഷ്വാറിൽ പാരാമിലിട്ടറി ഹെഡ്‌ക്വാർട്ടേഴ്സിന് നേരെ തോക്കുധാരികളുടെ ആക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് ചാവേറുകൾ ഹെഡ്ക്വാർട്ടേഴ്സ് കോംപ്ലെക്സിനുള്ളിലേക്ക് കടന്ന് വെടിവെപ്പാണ് നടത്തിയത്. ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രധാന കവാടത്തോടടുത്ത് ഒരാൾ ആക്രമണം നടത്തിയപ്പോൾ, രണ്ടാമൻ കോംപൗണ്ടിനകത്തേക്കാണ് കടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിന് പിന്നാലെ പെഷ്വാർ നഗരത്തിൽ സുരക്ഷ ശക്തമാക്കി. പൊലീസ്, സൈന്യം തുടങ്ങിയ സുരക്ഷാസേനകൾ പ്രദേശത്തെത്തുകയും ആക്രമണകാരികളെ നിഷ്ക്രിയമാക്കുന്നതിനായി സർച്ചും സൈനിക പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് കോംപ്ലെക്സിനുള്ളിൽ ഇനിയും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രദേശത്തെ ജനങ്ങളിൽ ആശങ്കയും ഭീതിയും നിലനില്ക്കുകയാണ്.

സൈനിക കൻറോൺമെന്റിന് സമീപത്താണ് ആക്രമണം നടന്ന പാരാമിലിട്ടറി ഹെഡ്‌ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് നിരവധി ആളുകൾ താമസിക്കുന്നതിനാൽ ആക്രമണം കൂടുതൽ ഭീഷണിയുയർത്തുന്നുവെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. സംഭവത്തെത്തുടർന്ന് സമീപ റോഡുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. ഗതാഗതം പൂർണ്ണമായും നിയന്ത്രിച്ചിരിക്കുന്നതിനാൽ സാധാരണ ജീവിതം താൽക്കാലികമായി താറുമാറായിരിക്കുകയാണ്. സുരക്ഷാ സേനകൾ പ്രദേശം പൂർണ്ണമായും നിരീക്ഷണത്തിൽവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *