തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസുകാർ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ എത്തിച്ചത്. ബിഎൻഎസ് നിയമത്തിൽ കൈവിലങ്ങ് ഏത് പ്രതികൾക്ക് മാത്രം വെക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് ലംഘിച്ചെന്നാണ് റിപ്പോർട്ട്. പ്രതിയുടെ പ്രായവും കുറ്റത്തിന്റെ സ്വഭാവവും പരിഗണിക്കാതെ കൈവിലങ്ങ് ഉപയോഗിച്ചത് സർക്കാരിനെ അവമതിച്ചുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡിജിപിക്കും ഈ നടപടിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചനയും എആർ ക്യാമ്പിലെ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശബരിമല സ്വർണക്കവർച്ച കേസിൽ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കോടതിക്കു പുറത്തു വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഈ കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാകുന്നതിനിടെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷയും വിജിലൻസ് കോടതി പരിഗണിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രൊഡക്ഷൻ വാർറണ്ട് പ്രകാരം പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, സർക്കാർ അധികാരികൾക്കുള്ള സ്വാധീന ശ്രമങ്ങൾ എന്നിവയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ എടുക്കുന്നത്. എൻ. വാസുവിന്റെ ജാമ്യാപേക്ഷയും കെ.എസ്. ബൈജുവിന്റെ ജാമ്യഹർജിയും കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയുന്നതായി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കേസുമായി ബന്ധപ്പെട്ട മൊഴികളും രേഖകളും കോടതി വീണ്ടും പരിശോധിക്കാൻ നിർദേശിച്ചിരിക്കുകയാണ്.

