മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് നടക്കാവ്‌ പോലീസ് 41 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലെ 11, 12 പ്രതികൾ പോലീസ് ഡ്രൈവർമാരാണ്. ധനസമ്പാദനം ലക്ഷ്യമിട്ട് അനാശാസ്യകേന്ദ്രം നടത്തിയെന്നും പോലീസുകാർ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.

കഴിഞ്ഞ ജൂൺ ആറിനാണ് ഫ്ളാറ്റിൽ റെയ്ഡ് ഉണ്ടായതും പ്രതികളെ പിടികൂടിയതും. അന്യായമായി പണം സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേർന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിൽ അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തി ധനം സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിർത്തിയും രണ്ടും മൂന്നും പ്രതികൾ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായിനിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികൾ ഇടപാടുകാരെ സ്ഥാപനത്തിലെത്തിക്കുന്നതിനുള്ള സഹായം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്.
കേന്ദ്രം നടത്തിപ്പുകാരി ബിന്ദുവും കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പോലീസുകാരും ഉൾപ്പെടെ പന്ത്രണ്ടുപേരാണ് കേസിലുൾപ്പെട്ടവർ.

Leave a Reply

Your email address will not be published. Required fields are marked *