ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഒരാഴ്ചത്തെ ശ്രമങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മറുപടി നൽകി. ഡിസംബർ 1-ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് നേതൃമാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം.
“ദയവായി കാത്തിരിക്കൂ, ഞാൻ നിങ്ങളെ വിളിക്കാം” എന്നായിരുന്നു ശിവകുമാറിന് നൽകിയ രാഹുൽ ഗാന്ധിയുടെ ഹ്രസ്വമായ മറുപടി എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. സംസ്ഥാനത്തെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ശിവകുമാർ പലവട്ടം ശ്രമിച്ചിരുന്നുവെങ്കിലും, ഒടുവിൽ ലഭിച്ച ഈ മറുപടി നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഏറെ പ്രാധാന്യം നേടുന്നുണ്ട്. നവംബർ 29-ന് ഡൽഹിക്ക് തിരിക്കുന്ന ശിവകുമാർ അന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വൃത്തങ്ങൾ സൂചന നൽകുന്നു.
രാഹുൽ-പ്രിയങ്ക് കൂടിക്കാഴ്ച: അധികാര പങ്കിടൽ നിഷേധിച്ചതിൽ അതൃപ്തി
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ, ശരത് ബച്ചെഗൗഡ എന്നിവരുമായി രാഹുൽ ഗാന്ധി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കർണാടകയിലെ വിശാലമായ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ, പ്രിയങ്ക് ഖാർഗെയുമായി ഏകദേശം 20 മിനിറ്റോളം പ്രത്യേകമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്. അധികാര പങ്കിടൽ കരാറിനെ പരസ്യമായി നിഷേധിക്കുകയും അഞ്ച് വർഷവും താൻ തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും ചെയ്തതിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. “അദ്ദേഹം പരസ്യമായി അധികാര പങ്കിടൽ ചർച്ചകൾ നിരസിക്കരുത്. ഞാൻ ഉടൻ തന്നെ ഇരുവരോടും സംസാരിക്കും,” എന്ന് രാഹുൽ, പ്രിയങ്കിനോട് പറഞ്ഞതായും സംഘർഷം വർധിപ്പിക്കരുതെന്ന് ഇരു ക്യാമ്പുകളെയും ഉപദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
നേതൃമാറ്റത്തിന് സന്തുലിത ഫോർമുല
മുഖ്യമന്ത്രി പദവിയിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചന നൽകുന്നതിനൊപ്പം, കോൺഗ്രസ്സിന്റെ വോട്ട് ബാങ്ക് ശിഥിലമാകാതിരിക്കാൻ രാഹുൽ ഗാന്ധി ശ്രദ്ധാലുവാണ്. ശിവകുമാർ മുഖ്യമന്ത്രിയായാൽ പ്രധാന സാമൂഹിക ഗ്രൂപ്പുകളിൽ നിന്നുള്ള എതിർപ്പ് ഒഴിവാക്കാൻ പാർട്ടി ഒരു സന്തുലിത ഫോർമുല പര്യവേക്ഷണം ചെയ്യുന്നുണ്ട്.ഈ പുതിയ സമീപനം അനുസരിച്ച്, സാമൂഹികവും രാഷ്ട്രീയവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ഒ.ബി.സി., എസ്.സി./എസ്.ടി., ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് നൽകാൻ സാധ്യതയുണ്ട്.

