കോഴിക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽക്കുമ്പോഴും കൊച്ചു കുട്ടികളുടെ ഇടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മൈജി. ‘ഫോൺ വേണ്ട, കുട്ടികൾക്ക് മൊബൈൽ ഫോൺ വേണ്ട’ എന്ന് പേരിട്ടിരിക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പരിപാടി തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്നു. ശിശുദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച ക്യാമ്പയിനിലൂടെ’മോർ ഗ്രീൻ ടൈം, ലെസ് സ്‌ക്രീൻ ടൈം’ എന്ന സന്ദേശമാണ് മൈജി ഈ വർഷം മുന്നോട്ട് വെച്ചത്.
ചേവായൂർ ഗവ. എൽ പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. ടീച്ചേഴ്സിനോടൊപ്പം ഷോറൂമിൽ എത്തിച്ചേർന്ന കുട്ടികൾക്ക് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലെ എം ബി ബി എസ്, ഡിഎൻബി കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. നിമിഷ പി എം ന്റെ നേതൃത്വത്തിൽ ക്ലാസുകൾ, ഇന്റർ ആക്റ്റീവ് സെഷൻസ് എന്നിവ നൽകി. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി ഇടപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിലും , കണ്ണൂർ താണ മൈജി ഫ്യൂച്ചർ ഷോറൂമിലും , കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിലും പരിപാടി നടത്തിയിരുന്നു. ‘മോർ ഗ്രീൻ ടൈം, ലെസ് സ്‌ക്രീൻ ടൈം’ എന്ന സന്ദേശത്തിന്റെ ഭാഗമായി പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പൂക്കളുടെ വിത്തും, ഗ്രോ ബാഗും ഉൾപ്പെടുന്ന കിറ്റ് സമ്മാനിച്ചു.
ആക്റ്റിവിറ്റിയുടെ ഭാഗമായി വിത്ത് മുളയ്ക്കുമ്പോഴും, ഇല വിരിയുമ്പോഴും, പൂവിടുമ്പോഴും ഫോട്ടോ എടുത്ത് മൈജിയിലേക്ക് അയക്കണം. ചെടികൾ പൂവിടുന്ന അവസാനഘട്ടം വരെ ചിത്രങ്ങൾ അയക്കുന്ന എല്ലാ കുട്ടികൾക്കും മൈജിയുടെ ഒരു സർപ്രൈസ് സമ്മാനം ഉണ്ടാകും. മൊബൈൽ ഫോൺ സ്‌ക്രോളിംഗിൽ നിന്ന് ഇന്നത്തെ കുട്ടികളെ പ്രകൃതിയിലെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുകയാണ് മൈജി ഇതിലൂടെ ചെയ്യുന്നത്.
എളുപ്പത്തിൽ ദേഷ്യപ്പെടുക, ക്ഷമയില്ലാതിരിക്കുക, അക്രമ സ്വഭാവം കാണിക്കുക ചെറിയ കാര്യങ്ങളിൽ മാനസിക ഉത്കണ്ഠ പ്രകടിപ്പിക്കുക, തുടങ്ങിയ സ്വഭാവ വൈകല്യങ്ങൾക്കൊപ്പം കൂട്ടുകാർക്കൊപ്പമുള്ള ഇടപെടലുകൾ കുറയുക, കുട്ടികൾ കൂടുതൽ ഒറ്റപ്പെട്ടവരാകുക , സഹകരണ മനോഭാവം കുറയുക, കളികൾ ഒഴിവാക്കുക, സാമൂഹിക ബോധം നഷ്ടപ്പെടുക തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ മൊബൈൽ അഡിക്ഷൻ മുഖേന കുട്ടികളിൽ ഉരുത്തിരിയുന്നു.
യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾക്കും വികാരങ്ങൾക്കും പകരം വെർച്വൽ ലോകത്തെ ആശ്രയിക്കുന്ന സ്വഭാവം മാതാപിതാക്കളോടും അധ്യാപകരോടും അനുസരണ കുറയുന്നതിന് ഇടയാക്കുന്നു. പഠനത്തിൽ താല്പര്യമില്ലായ്മ, ശ്രദ്ധക്കുറവ്, ഓർമ്മശക്തി കുറവ്, ഏകാഗ്രത നഷ്ടപ്പെടുക എന്നിവ മൂലം പഠനത്തിലെ മികവ് കുറയുന്നു. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പഠനസമയത്തെ ബാധിക്കുന്നു. സ്‌ക്രീൻ ടൈം കൂടുതലായതുകൊണ്ട് ഉറക്കം വൈകുന്നു, കണ്ണ് വേദന, തലവേദന, കഴുത്ത്/പുറംവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഒപ്പം മാനസിക പ്രശ്നങ്ങളായ ആശങ്ക, വിഷാദം, ആത്മവിശ്വാസക്കുറവ് എന്നിവ വർധിക്കുന്നു. ലൈക്കുകൾ, ഗെയിം വിജയങ്ങൾ തുടങ്ങിയ ഡിജിറ്റൽ ആശ്രയത്വം, കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുന്നു.
അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ കാഴ്ച്ച തകരാറുകൾ, മയോപ്പിയ, തള്ള വിരലിനും നടുവിനും ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ എന്നിവ സൃഷ്ടിച്ചേക്കാം. വലിയ തോതിൽ ഡോപ്പാമൈൻ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ഫോൺ അഡിക്ഷൻ സൃഷ്ടിക്കപ്പെടുന്നു. എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് കൊച്ചു കുട്ടികളുടെ ഇടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ ഉണ്ടാകുന്നതെന്ന് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കാർട്ടൂണുകളും ഗെയിമിങ്ങും സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്ത് പെട്ട് പോവുന്ന കുട്ടികൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കൊച്ചു കുട്ടികളെ അനുസരിപ്പിക്കുന്നതിന് വേണ്ടി കാർട്ടൂൺ കാണിച്ചും ഗെയിം കളിക്കാൻ നൽകിയും മാതാപിതാക്കൾ തന്നെയാണ് അവരെ മൊബൈൽ ഫോണിന് അഡിക്റ്റാക്കുന്നത്. പിന്നീട് ഫോൺ കുട്ടികൾക്ക് ഒരു ശീലമായി മാറുന്നു. ചില മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ കുട്ടികളെ മൊബൈൽ ഫോണുകളിൽ നിന്ന് മാറ്റി നിർത്താൻ കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കി.
മൈജിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. തുടർദിനങ്ങളിൽ ഈ പ്രോഗ്രാം മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.

