പത്തനംതിട്ട: ശബരീശ വിഗ്രഹാഭിഷേകത്തിനായി സന്നിധാനത്തു തേനെത്തിച്ചത് റബര്‍പ്പാലിലൊഴിക്കുന്ന ഫോര്‍മിക് ആസിഡ് കണ്ടെയ്‌നറുകളില്‍. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ കാര്‍ഷിക വ്യവസായ വികസന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ (റീജണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡ്) ആണ് ആസിഡ് കണ്ടെയ്‌നറില്‍ തേന്‍ നിറച്ചു സന്നിധാനത്തെത്തിച്ചത്. ഇതറിഞ്ഞ ദേവസ്വം വിജിലന്‍സ് ഉടന്‍ കണ്ടെയ്‌നറുകള്‍ മാറ്റി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.
കണ്ടെയ്‌നറുകളില്‍ ആസിഡ് അംശമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഗുരുതര വീഴ്ച റെയ്ഡ്‌കോയില്‍ നിന്നുണ്ടായെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ദേവസ്വം ബോര്‍ഡിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും റിപ്പോര്‍ട്ട് നല്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനു വഴങ്ങി മുന്‍ ദേവസ്വം ബോര്‍ഡാണ് റെയ്ഡ്‌കോയ്‌ക്കു കരാര്‍ നല്കിയത്.
കാര്‍ഷികോപകരണമുണ്ടാക്കാന്‍ സിപിഎം ആരംഭിച്ച റെയ്ഡ്‌കോ പിന്നീടാണ് ഭക്ഷ്യവസ്തു ഉത്പാദനം തുടങ്ങിയത്. കൊവിഡ് കാലത്തു സര്‍ക്കാരിനു കിറ്റ് നല്കിയ വകയില്‍ കോടികളുടെ ലാഭമുണ്ടാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനാണ് പ്രസിഡന്റ്. മസാലകള്‍, സാമ്പാര്‍, രസം പൗഡര്‍, പുട്ടുപൊടി തുടങ്ങി വിവിധ തരം തേയിലകള്‍ വരെ 150 ഭക്ഷ്യവസ്തുക്കള്‍ റെയ്ഡ്‌കോ വിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങളില്‍ വിനാഗിരിയുമുള്ളതായി കമ്പനി വെബ്‌സൈറ്റിലുണ്ടെങ്കിലും തേനിന്റെ കാര്യമില്ല. ഫോര്‍മിക് ആസിഡ് എങ്ങനെ കണ്ടെയ്‌നര്‍ കമ്പനിയിലെത്തിയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
മെത്തനോയിക് ആസിഡ് എന്നറിയപ്പെടുന്ന ഫോര്‍മിക് ആസിഡ്, യഥാര്‍ത്ഥത്തില്‍ കാര്‍ബോക്സിലിക് ആസിഡാണ്. ഉറുമ്പുകളില്‍ നിന്നു വേര്‍തിരിച്ചെടുത്തതിനാലാണ് ഈ പേരു ലഭിച്ചത്. രൂക്ഷ ഗന്ധമുള്ള, നിറമില്ലാത്ത ദ്രാവകമാണിത്. തുകല്‍ സംസ്‌കരണം, തുണി ഉത്പാദനം, റബര്‍ സംസ്‌കരണം, കീടനാശിനി നിര്‍മാണം എന്നിവയ്‌ക്കെല്ലാം ഇതുപയോഗിക്കുന്നു

