കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ പരാമര്‍ശവുമായി നടന്‍ ദിലീപ്. മഞ്ജു പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങുന്നതെന്നായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം.
‘കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിക്കുന്നത്. അതിന് അന്നത്തെ ഒരു ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തെരഞ്ഞെടുത്ത ഒരു സംഘം പൊലീസുകാരും ചേര്‍ന്ന് കേസുണ്ടാക്കി. അതിനായി ഈ കേസിലെ മുഖ്യപ്രതിയെയും അയാളുടെ കൂടെ ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനയുകയായിരുന്നു.
തുടര്‍ന്ന്, ആ പൊലീസ് സംഘം ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഈ കള്ളക്കഥ തകര്‍ന്നു. ഈ കേസിലെ യഥാര്‍ത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാന്‍ ആയിരുന്നു. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ഉള്ളതായിരുന്നു’ – ദിലീപ് പറഞ്ഞു.
അതേസമയം ആരാണ് ഗൂഢാലോചന നടത്തിയത് എന്ന ചോദ്യത്തിന് നടന്‍ ദിലീപില്‍ നിന്ന് വ്യക്തമായ മറുപടിയുണ്ടായില്ല. ‘നിങ്ങളൊക്കെ ഒന്‍പത് വര്‍ഷം ഈ വിഷയം സംസാരിച്ചതല്ലേ, ഇനി ഞാനൊന്നു പറഞ്ഞോട്ടെ’ – ഇങ്ങനെയായിരുന്നു നടന്റെ മറുപടി. കൂടാതെ, അഭിഭാഷകര്‍ക്കും കുടുംബത്തിനും ആരാധകര്‍ക്കും ദിലീപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസില്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ഒന്ന് മുതല്‍ ആറ് പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടനെ വെറുതെ വിട്ടത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവം നടത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്ന് മുതല്‍ 6 വരെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെ വെറുതെ വിടുകയുമായിരുന്നു.

