നടിയെ ആക്രമിച്ച കേസിൽ തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്റെ ജന്മനാടായ തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലെ ഒരു ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി ആണ് ടൊവിനോ വോട്ട് ചെയ്തത്.
‘സർക്കാർ കേസിൽ അപ്പീൽ പോകാൻ തയ്യാറായത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്ത് പറയാനാണ്? നിങ്ങൾക്ക് (പത്രപ്രവർത്തകർ) ഇതിനെക്കുറിച്ച് അറിയുന്നത്രയും പോലും എനിക്കറിയില്ലായിരിക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.’ – ടൊവിനോ പറഞ്ഞു.
‘കേസ് ഫയൽ നമ്മൾ കണ്ടിട്ടില്ല, കുറ്റകൃത്യം നടന്നതും നേരിട്ട് കണ്ടിട്ടില്ല. അതിനാൽ, കോടതി വിധിയിൽ വിശ്വസിക്കണമെന്ന് ഞാൻ കരുതുന്നു. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ, ഞാനും കാത്തിരിക്കുന്നു. തെറ്റ് ചെയ്തവർ ആരായാലും ഒരു സാഹചര്യത്തിലും രക്ഷപ്പെടരുത്.’ – ടൊവിനോ പറഞ്ഞു.
ഇക്കഴിഞ്ഞ എട്ടാം തീയതി തിങ്കളാഴ്ച ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞത്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനായും കോടതി പ്രഖ്യാപിച്ചിരുന്നു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതികരണങ്ങൾ വരുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നും വളരെ കുറച്ച് ആളുകൾ മാത്രമേ ഈ വിധിയെ കുറിച്ച് പ്രതികരിച്ചിരുന്നുള്ളൂ. അതിജീവിതയ്ക്ക് വേണ്ടി സർക്കാർ ഈ കേസിൽ അപ്പീൽ പോകും എന്നറിയിച്ചിരുന്നു.

