ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ സ്വപ്നം പൂവണിയിച്ചുകൊണ്ട്, എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന ലയണൽ മെസ്സിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗോട്ട് ടൂർ’ പര്യടനം ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ചു.
ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട്, കൊൽക്കത്ത നഗരത്തിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തതോടെയാണ് മൂന്നു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കമായത്.
കൊൽക്കത്ത വിമാനത്താവളത്തിൽ മെസ്സിക്കും സഹതാരങ്ങളായ ലൂയിസ് സുവാരസിനും റോഡ്രിഗോ ഡി പോളിനും ലഭിച്ചത് അവിശ്വസനീയമായ വരവേൽപ്പാണ്. മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള രണ്ടാം വരവാണിത്. തങ്ങളുടെ നായകനെ ഒരു നോക്കുകാണാൻ വഴിയരികിൽ തടിച്ചുകൂടിയ ജനസാഗരം വിമാനത്താവളത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു.
മെസ്സിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളും നഗരവീഥികളിൽ നിറഞ്ഞു. അതിൽ ശ്രദ്ധേയമായ ഒരു കാഴ്ച, ഒരു സ്ത്രീ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിലെ വരികളായിരുന്നു: “കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ വിവാഹം.
പക്ഷേ, മെസ്സി ഞങ്ങളുടെ നഗരത്തിലേക്ക് വരുന്നതിനാൽ ഞാനും ഭർത്താവും ഹണിമൂൺ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.” ആരാധകരുടെ ഈ സ്നേഹപ്രകടനം മെസ്സിയുടെ സ്വാധീനം എത്രത്തോളമാണെന്ന് തെളിയിക്കുന്നതായിരുന്നു.
തുടർന്ന്, ഹയാത്ത് റീജൻസി ഹോട്ടലിലേക്കാണ് മെസ്സിയും സംഘവും ആദ്യം പോയത്. യാത്രയിലുടനീളം ആരാധകർ ‘മെസ്സി, മെസ്സി’ എന്ന് ആർത്തുവിളിച്ച് ആവേശം പ്രകടിപ്പിച്ചു. പിന്നാലെ, കൊൽക്കത്ത നഗരം അദ്ദേഹത്തിനായി ഒരുക്കിയ മെസ്സി പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടന്നു. ബോളിവുഡ് നടൻ ഷാരൂഖ് ഖാനും മകനും ചടങ്ങിൽ സന്നിഹിതരായി.
പ്രതിമ അനാച്ഛാദനത്തിന് ശേഷം സാൾട്ട് ലേക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിച്ച മോഹൻബഗാൻ ഓൾ സ്റ്റാർസ്-ഡയമണ്ട് ഹാർബേഴ്‌സ് ഓൾ സ്റ്റാർസ് പ്രദർശന മത്സരം നടന്നു. മത്സരശേഷം മെസ്സി സ്റ്റേഡിയത്തിൽ ചുറ്റിനടന്ന് ആയിരക്കണക്കിന് ആരാധകരെ അഭിവാദ്യം ചെയ്തു. മെസ്സിയുടെ പേരും പ്രശസ്തമായ പത്താംനമ്പറും ആലേഖനം ചെയ്ത മോഹൻ ബഗാൻ ജഴ്‌സി അധികൃതർ താരത്തിന് സമ്മാനിച്ചു. ഈ അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകർ മെസ്സിയുടെ പേര് വിളിച്ചും ആരവമുയർത്തിയും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു.

