സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയാൽ പദ്മകുമാറിനെതിരെ ഉടൻ നടപടിയെടുക്കും- CPM ജില്ലാ സെക്രട്ടറി

പത്തനംതിട്ട: സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയാണ് നിർദേശം നൽകേണ്ടതെന്നും ആ നിർദേശം ലഭിച്ചാൽ ഉടൻ നടപടിയിലേക്ക് കടക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം പൂർത്തിയായാൽ മാത്രമേ പദ്മകുമാറിനെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കൂ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാൽ മുമ്പെങ്ങും ഉണ്ടാകാത്ത വിധമുള്ള തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ശബരിമലയിലെ സ്വർണക്കൊള്ള തന്നെയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. മറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തൽ തെറ്റാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെടുകയുണ്ടായി.

എ. പദ്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്. നടപടി വെച്ചുതാമസിപ്പിക്കുന്തോറും മറുപടി പറഞ്ഞ് മടുക്കുമെന്നും അംഗങ്ങൾ വിമർശിച്ചിരുന്നു. എൻ. വാസുവിനെ ദേവസ്വംബോർഡ് പ്രസിഡന്റാക്കിയത് ശരിയായില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ പറഞ്ഞതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *