ബംഗളുരുവിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്. പണക്കാരായ ബാങ്കിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ 2.7 കോടി രൂപ നഷ്ടമായെന്നായിരുന്നു പരാതിയിൽ നൽകിയത്. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയതും കൂടുതൽ പരാതി ലഭിച്ചതും.
ഇതുമായി ബന്ധപ്പെട്ട് ബെംഗളുരു ശാഖയിലെ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായി ജോലി ചെയ്തിരുന്ന നക്കാ കിഷോർ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ബെംഗളുരു എംജി റോഡ് ശാഖ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിൽ പറയുന്നത്. നിക്ഷേപകർക്ക് 80 കോടി രൂപയോളം നഷ്ടമായതായും പറയുന്നു. 15 വർഷം മുമ്പ് സിറ്റി ബാങ്കിന്റെ ഗുരുഗ്രാം വെൽത്ത് മാനേജുമെന്റ് വിഭാഗത്തിൽ നടന്ന തട്ടിപ്പിന് സമാനമായ രീതിയിലാണ് ഇവിടെയും ക്രമക്കേട് നടന്നിട്ടുള്ളതെന്നാണ് സൂചന.
സ്ഥിരമായി സേവിങ്സ് അക്കൗണ്ടിൽ ഇട്ടിരുന്ന തുകയാണ് മൂന്നാമതൊരു കക്ഷിയുടെ അക്കൗണ്ടിലേക്ക് ഇവർ മാറ്റിയത്. നിക്ഷേപകരുടെ ഒപ്പ് ഇവർ വ്യാജമായി ഇട്ടു. കൂടാതെ തട്ടിപ്പ് മറച്ചുവെക്കാനായി സ്ഥിര നിക്ഷേപ ബോണ്ടുകളും അതുപോലെ പലിശ ലഭിക്കുന്നുണ്ടെന്ന് തെറ്റിധരിപ്പിക്കാനായി വ്യാജ പലിശ രസീതുകളും ഇവർ നൽകിക്കൊണ്ടിരുന്നു.
ഇത്തരത്തിൽ തട്ടിയെടുത്ത പണം കിഷോർ കുമാർ ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസിൽ മുടക്കിയെന്നാണ് പോലീസ് പറയുന്നത്.
തട്ടിപ്പിന്റെ വ്യാപതി കണ്ടെത്തുന്നതിനായി ബാങ്ക് പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെകൊടുക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

