വഡോദര: പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം കാമുകനെക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷാന ചൗഡ എന്നയാളാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെയും കാമുകൻ രഞ്ജീത് ഗജേന്ദ്രഭായ് വഗേലയെയും ഇയാളുടെ സുഹൃത്തിനെയും പോലീസ് പിടികൂടി. തന്റെ പ്രണയത്തിന് തടസ്സമായി നിൽക്കുന്ന പിതാവ് കൊല്ലപ്പെടുന്നത് പെൺകുട്ടി ജനലിലൂടെ നോക്കിനിന്നുവെന്ന പോലീസിന്റെ വെളിപ്പെടുത്തൽ അതിക്രൂരമായ ആസൂത്രണത്തിന്റെ തെളിവായി മാറുകയാണ്.
കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടിയും രഞ്ജീത്തും ഒളിച്ചോടിയിരുന്നു. അന്ന് പിതാവ് നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം ജയിലിലായ രഞ്ജീത് ഓഗസ്റ്റിലാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും ചേർന്ന് പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഡിസംബർ 16-ന് പിതാവിനെ അപായപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും, 18-ന് രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി പെൺകുട്ടി ലക്ഷ്യം കണ്ടു. പിതാവ് മയക്കത്തിലായതോടെ രഞ്ജീത്തും സുഹൃത്ത് ഭവ്യ മഹേഷ് ഭായ് വസാവയും മുറിയിൽ അതിക്രമിച്ചു കയറി ഷാന ചൗഡയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വഡോദര പോലീസ് പിടികൂടി. പപ്പട നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് പ്രതിയായ രഞ്ജീത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധങ്ങളെ എതിർത്തതിന്റെ പേരിൽ സ്വന്തം പിതാവിനെപ്പോലും ഇല്ലാതാക്കാൻ മടിയില്ലാത്ത കൗമാരക്കാരുടെ ക്രിമിനൽ ചിന്താഗതി ഞെട്ടലോടെയാണ് ഗുജറാത്ത് ജനത കേട്ടത്.

