വിദേശത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം കരുതുന്ന മരുന്നുകൾക്ക് ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലഹരിമരുന്ന് വിഭാഗത്തിൽപ്പെടുന്നവയും സൈക്കാട്രിക് കണ്ടന്റുകൾ അടങ്ങിയതുമായ മരുന്നുകൾ കൊണ്ടുവരുന്നവർക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നവർ വിദേശത്തുള്ള കുവൈത്ത് എംബസിയുടെയോ ആരോഗ്യ കാര്യാലയത്തിന്റെയോ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ടുകൾ നിർബന്ധമായും ഹാജരാക്കണം.
പുതിയ നിയമപ്രകാരം, ലഹരിമരുന്നുകളുടെ പട്ടികയിലുള്ളവ പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ. മറ്റു വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഒരു മാസത്തെ ചികിത്സയ്ക്കായി കരുതാം. കുവൈത്തിലെ വിമാനത്താവളങ്ങളിലോ അതിർത്തികളിലോ എത്തുമ്പോൾ കസ്റ്റംസ് അധികൃതർക്ക് മുൻപിൽ മരുന്നുകളുടെ കുറിപ്പടിയും സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ രേഖകളും സമർപ്പിക്കേണ്ടത് നിർബന്ധമാണ്. മതിയായ രേഖകളില്ലാതെ എത്തുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

