ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പകരം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മനുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു മാതൃക തീർക്കുന്നത്. തൊഴിലിന്റെ ഭാഗമായി ഒട്ടേറെ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട് ആലംകോട് സ്വദേശിയായ ഹംസ. എന്നാൽ എപ്പോഴും അതിന്റെയൊരു വിഷമം അദ്ദേഹം മനസിൽ സൂക്ഷിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് ഇന്നലെ മകൾ നാജിഹയുടെ വിവാഹത്തിന് എത്തിയ നൂറുക്കണക്കിനാളുകൾക്ക് ഹംസ സൗന്യമായി ഫലവൃക്ഷത്തൈകൾ സമ്മാനിച്ചത്. തൈകൾ ഏറ്റുവാങ്ങിയവരിൽ എല്ലാവരും അതുനട്ടുപിടിപ്പിച്ചാൽ നല്ല നാളേക്കൊരു തണലും പ്രാണവായവും ഒരുങ്ങിക്കിട്ടുമല്ലോ എന്ന ഹംസയുടെ ആഗ്രഹത്തിനും സദ്പ്രവൃത്തിക്കും ലൈക്കടിക്കുകയാണ് ആയിരങ്ങൾ. കക്കിടിപ്പുറം കെസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവവധുവിന് തൈകൾ സമ്മാനിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ഇബ്രാഹിം ആണ് വേറിട്ടൊരു ഉദ്യമത്തിന് തുടക്കമിട്ടത്.
കഴിഞ്ഞ പത്തു വർഷത്തോളമായി മരമുറി തൊഴിലാളിയായ ഹംസ ഇതിനോടകം നിരവധി മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്.
ജോലിയുടെ ഭാഗമാണെങ്കിലും മരങ്ങൾ മുറിച്ചുമാറ്റുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിച്ചിരുന്നുവെന്നും അതിനാലാണ് മകളുടെ വിവാഹദിനത്തിൽ ഫലവൃക്ഷതൈകൾ സൗജന്യമായി എല്ലാവർക്കും നൽകിയതെന്നും ഹംസ പറഞ്ഞു.
തൊഴിലിനിടെ ഏറ്റവും കൂടുതൽ മുറിക്കേണ്ടി വന്ന പ്ലാവ്, മട്ടി, മാവ് തുടങ്ങിയ മരങ്ങളാണ്.അതിനാൽ ഈ വിഭാഗത്തിലെ വിവിധ ഇനം ഹൈബ്രീഡ് തൈകളാണ് ഹംസ 1500ലേറെ പേർക്ക് നൽകിയത്.

