കണ്ണൂര്‍: പയ്യന്നൂരില്‍ 23കാരിയെ പെരുമ്ബ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫെയ്ന്‍. മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷം മുമ്ബ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് വെള്ളക്കടലാസില്‍ കുറിപ്പെഴുതി നല്‍കി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദമ്ബതികള്‍ക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്ബത് ദിവസത്തിന് ശേഷം ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലദ്ധ്യക്ഷന്‍മാരോ മതനേതാക്കന്‍മാരോ അല്ലെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇത് മാറണം. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ ശക്തമായി ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം .സി ജോസഫെയ്ന്‍ വ്യക്തമാക്കി.
