24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം; ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്‌. തിങ്കളാഴ്ച രാത്രി ഏകദേശം 10 മണിയോടെ നാർസിംഗ്ഡി ജില്ലയിൽ മോണി ചക്രവർത്തിയെ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു

24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം; ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മോനി ചക്രവർത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ജഷോർ ജില്ലയിൽ ഫാക്ടറി ഉടമയും നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ്‌ എഡിറ്ററുമായിരുന്ന 45 വയസ്സുള്ള റാണ പ്രതാപിനെ വെടിവെച്ച് കൊലപ്പെടുത്തി. കേശബ്പൂർ ഉപജില്ലയിലെ ഒരു സ്‌കൂൾ അധ്യാപകന്റെ മകനായ പ്രതാപ്, കോപ്പാലിയ ബസാറിൽ രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം, ചിലർ അദ്ദേഹത്തെ ഐസ് ഫാക്ടറിയിൽനിന്ന് പുറത്തേക്ക് വിളിക്കുകയും ഇടവഴിയിലേക്ക് കൊണ്ടുപോയി വെടിവെക്കുകയുമായിരുന്നു. അതിന് ശേഷം കഴുത്തറുത്തു.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമം വർധിച്ചുവരികയാണ്. ശനിയാഴ്ച, ജെന്നൈദ ജില്ലയിൽ ഒരു ഹിന്ദു സ്ത്രീയെ രണ്ട് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇവർ നിലവിളിച്ചപ്പോൾ മരത്തിൽ കെട്ടിയിടുകയും മുടി മുറിക്കുകയും സംഭവം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീ ബോധരഹിതയായതിനെ തുടർന്ന്‌ പ്രാദേശികവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ധാക്കയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിൽ മരുന്നുകടയും മൊബൈൽ ബാങ്കിങ്‌ ബിസിനസ്സും നടത്തിയിരുന്നയാളാണ് ഖോകൻ ദാസ്. ഡിസംബർ 31-ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായത്. അക്രമികൾ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തലയിലും മുഖത്തും വ്യാപിച്ച തീ അണയ്ക്കാൻ ഖോകൻ ദാസ് ഒരു കുളത്തിലേക്ക് ചാടി. ബഹളം കേട്ടെത്തിയ സമീപവാസികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകായായിരുന്നു. അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.

ഷെയ്ഖ് ഹസീന സർക്കാറിനെ അട്ടിമിറിച്ച് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ വന്നതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർദ്ധിച്ചുവരികയാണ്. യൂനുസിനൊപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ, നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത് നേരെ മറിച്ചാണെന്ന് മനുഷ്യാവാകശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു. മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായിരുന്നു ഇയാൾ. മതനിന്ദ ആരോപിച്ചാണ് ഫാക്ടറിക്ക് പുറത്ത് വെച്ച് ആൾക്കൂട്ടം യുവാവിനെ അടിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയും ചെയ്തത്. ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. മതനിന്ദയല്ല അക്രമത്തിന് കാരണമെന്നും ഫാക്ടറിയിലെ തൊഴിൽതർക്കമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്ബരി ജില്ലയിൽ മറ്റൊരു യുവാവും ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായി. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *