കൊല്ലം: മുന്‍ എംഎല്‍എയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഐഷാ പോറ്റി സ്വീകരിച്ചത് തികച്ചും അവസരവാദപരമായ നിലപാടെന്ന് സിപിഎം. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍വമാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ കൂടാരത്തിലേക്ക് ഐഷാ പോറ്റി എത്തിച്ചേര്‍ന്നത് ഏത് സാഹചര്യത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.
പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന പതിനായിരക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളാണ് ഐഷാപോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് ഒരു നിമിഷം കൊണ്ട് അവര്‍ മറന്നുപോയത് ഏറെ ഖേദകരമാണ്. ഐഷാപോറ്റി അധികാരസ്ഥാനങ്ങളില്‍ ഇരുന്ന കാലത്ത് അവരെയും പാര്‍ട്ടിയെയും വേട്ടയാടിയവരുടെ കൂട്ടത്തിലേയ്ക്കാണ് ഇന്ന് അവര്‍ എത്തിച്ചേര്‍ന്നതെന്നും അവര്‍ക്ക് സാവകാശം ബോധ്യപ്പെടുമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

