ദൈവങ്ങളുടെ പേരിൽ സത്യപ്രതി‌ജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി  കൗൺസിലർമാർക്ക്  ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന് ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് നോട്ടീസ് നൽകിയത്. സിപിഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് സിപിഎം നേതാവ് ഹ‌ർജി നൽകിയത്. ദൈവനാമത്തിൽ എന്നതിനുപകരം പല ദൈവങ്ങളുടെ പേര് സത്യപ്രതിജ്ഞയിൽ എങ്ങനെ പറയാനാകുമെന്ന് ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് കോടതി ചോദിച്ചു.

ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുൻപ് ദീപക് ചൂണ്ടിക്കാട്ടിയത് തർക്കത്തിനിടയാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നാണ് കളക്ടർ അനുകുമാരി പ്രതികരിച്ചത്. ഇതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ നിർദേശിച്ചിരുന്നു. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *