ദീപക്കിന്റെ ആത്മഹത്യ ; വീഡിയോ പങ്കുവെച്ച യുവതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ യുഡിഎഫ് വാർഡ് മെമ്പറെന്നും  രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നും  നാട്ടുകാർ

കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിലാണ്. റീച്ചിന് വേണ്ടി ദീപക്കിനെ മോശക്കാരനായി ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ച മലപ്പുറം സ്വദേശിയായ യുവതിക്കെതിരെയും പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. വാർഡ് മെമ്പറായ യുവതിയുടെ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ നോക്കുന്നതായും ആരോപണമുയരുന്നു.

യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് യുവതി വീഡിയോ ഇട്ടത്. എന്നാൽ ദീപക് അത്തരമൊരു സ്വഭാവക്കാരനല്ലെന്നും അങ്ങേയറ്റം സാധുവായ മനുഷ്യനാണെന്നും നാട്ടുകാരും അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.

വീഡിയോ പങ്കുവെച്ച യുവതി അരീക്കോട് പഞ്ചായത്തിലെ യുഡിഎഫ് വാർഡ് മെമ്പറാണെന്നും തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. യുവതിയുടെ പേരോ വീഡിയോയോ പരാമർശിക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ദീപക്കിന്റെ മരണത്തിന് പിന്നിൽ ഈ വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനിലെത്തിയ നാട്ടുകാരോട് പോലീസ് അങ്ങേയറ്റം നിരുത്തരവാദപരമായാണ് പെരുമറിയതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

പാവപ്പെട്ട ഒരു യുവാവിനെ റീച്ചിന് വേണ്ടി ആത്മഹത്യയിലേക്ക് തള്ളിയിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *