വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.

ബസ് യാത്രയ്ക്കിടെ സ്പർശിച്ചെന്നാരോപിച്ച് യുവതി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന്റെ മനോവിഷമത്തിൽ ഗോവിന്ദപുരം,കൊളങ്ങരകണ്ടി,ഉള്ളാട്ട്തൊടി യു.ദീപക്കാണ് (42) ആത്മഹത്യ ചെയ്തത്. യുവതിയെടുത്ത വീഡിയോ സാമൂഹമാദ്ധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വസ്ത്രവ്യാപാരശാലയിലെ സെയിൽസ്മാനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ബസിൽ പോകവെയാണ് സംഭവം.

ശനിയാഴ്ച വൈകിട്ട് വീട്ടിലെ മുറിയിൽ കയറിയ ദീപക്കിനെ ഇന്നലെ രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ​വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാദ്ധ്യമത്തിൽ നടത്തിയതെന്നും ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ദീപക്കിന്റെ ബന്ധുക്കൾ യുവതിക്കെതിരെ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *