വിഎസിന് പദ്മവിഭൂഷണ്‍: പിണറായിക്ക് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ , പിന്മാറാൻ കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം

മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്‌ട്രം പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇക്കാര്യം മുതിര്‍ന്ന സിപിഎം നേതാക്കളുമായി അദ്ദേഹം പങ്കുവച്ചതായും സൂചന. കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ പദ്മ അവാര്‍ഡ് ലഭിച്ച നടന്‍ മമ്മൂട്ടിയെ പുകഴ്‌ത്തിയ മുഖ്യമന്ത്രി വിഎസിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ ബോധപൂര്‍വം അവഗണിച്ചിട്ടും വിഎസിന് പദ്മവിഭൂഷണ്‍ കിട്ടയതാണ് പിണറായി വിജയന്റെ അരിശത്തിനു കാരണം. പുരസ്‌കാരം സ്വീകരിക്കുന്നത് നേരിട്ട് വിലക്കാതെ ഇഎംഎസിന്റെയും ജ്യോതിബാസുവിന്റെയും ഉദാഹരണങ്ങള്‍ നിരത്തി പ്രചാരണം തുടങ്ങാനാണ് മറ്റ് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വിഎസിന് പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചതോടെ അതിനെ സ്വാഗതം ചെയ്യുകയും കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി തിരുത്തി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്നെ ഇന്നലെ രംഗത്തെത്തിയതും ഇതേത്തുടര്‍ന്നെന്നാണ് വിലയിരുത്തല്‍. മമ്മൂട്ടിക്ക് പദ്മ പുരസ്‌കാരം ലഭിച്ചതില്‍ പരസ്യമായി സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി കുറച്ചുവര്‍ഷങ്ങളായി മമ്മൂട്ടിയെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം വിഎസിനെ പദ്മ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തിരുന്നില്ലെന്നു മാത്രമല്ല പുരസ്‌കാരലബ്ധിയെക്കുറിച്ച് പേരെടുത്ത് പറയാന്‍പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല.

വിഎസിന് പദ്മ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബാംഗങ്ങളെന്ന് പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മകന്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഈ വലിയ അംഗീകാരത്തില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെ, വിഎസ് ജീവിച്ചിരുന്നെങ്കില്‍ പുരസ്‌കാരം നിരസിച്ചേനെ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലക്ഷ്മണരേഖ വരച്ചതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് വിഎസിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *