ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾ രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി; അന്വേഷണം ശരിയായ ദിശയിലെന്നും നിരീക്ഷണം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലെന്നും കോടതി അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി.

90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണമായ കേസാണെന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവറുടെ ഹർജി ആണ് പരിഗണിച്ചത്.

സിംഗിള്‍ ബെഞ്ച് എസ്‌ഐടിക്ക് എതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബെഞ്ച് എസ്‌ഐടിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എസ്ഐടിക്ക് കോടതിയിൽ നിന്ന് പിന്തുണ ലഭിച്ചത് വലിയ ആത്മവിശ്വാസം ലഭിക്കുന്ന ഘടകമാണ്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ആശങ്കയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് ശക്തമായ ഒരു ഉറപ്പ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *