നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ യുവതി കുത്തിക്കൊന്നു

AI Image

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് കാമുകന്‍റെ വീട്ടിലെത്തി യുവതി കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. കംത പ്രസാദ് സൂര്യവംശി (25) യാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു. സംഭവത്തില്‍ കാമുകിയായിരുന്ന റോഷ്നി സൂര്യവംശി(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഷ്നിയെ പ്രസാദ് പരിചയപ്പെട്ടത്. സൗഹൃദം മെല്ലെ പ്രണയമായി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രസാദ് റോഷ്നിയുമായി അകലം പാലിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ റോഷ്നിക്ക് ആകെ സംശയമായി. മറ്റേതെങ്കിലും പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണോ തന്നെ ഉപേക്ഷിച്ചതെന്നായിരുന്നു സംശയം. ഇത് ബലപ്പെട്ടതോടെ പ്രസാദ് താമസിക്കുന്ന വീട്ടിലേക്ക് ബാഗില്‍ കത്തിയും ഒളിപ്പിച്ച് റോഷ്നി എത്തി. പ്രസാദ് വാതില്‍ തുറന്നതും റോഷ്നി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. പ്രസാദ് നല്‍കാതിരുന്നതോടെ വാക്കേറ്റമായി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് റോഷ്നി പ്രസാദിന്‍റെ നെ‍ഞ്ചില്‍ കുത്തുകയായിരുന്നു

ബഹളം കേട്ട് ഓടിയെത്തിയ സുഹൃത്താണ് പ്രസാദ് നെഞ്ചില്‍ നിന്ന് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു. പ്രസാദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേസമയം, താന്‍ പേടിപ്പിക്കാനാണ് കത്തിയുമായി പോയതെന്നും കുത്തണമെന്ന് വിചാരിച്ചിരുന്നില്ലെന്നുമാണ് റോഷ്നിയുടെ മൊഴി. റോഷ്നിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *