ലൈം​ഗികാതിക്രമ കേസിൽ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുമാണ് കന്റോണ്‍മെന്റ് പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചെന്നും ലൈംഗികമായി അപമാനിച്ചെന്നുമാണ് പരാതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയ സമയത്തായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറയുന്നു.

ചലച്ചിത്ര പ്രവര്‍ത്തക രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ ആറ് പേര്‍ അതിക്രമ വിവരം പരാതിക്കാരി പറഞ്ഞതായി മൊഴി നല്‍കി. പിടി കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *