മലമ്പുഴയിൽ വിഎസിന്റെ മുൻ പിഎ സ്ഥാനാർത്ഥിയാകുമോ? യുഡിഎഫ് നീക്കത്തിൽ പ്രതികരിച്ച് എ സുരേഷ്

പാലക്കാട്: ഇടതുകോട്ടയായ മലമ്പുഴ പിടിച്ചെടുക്കാൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷിനെ കളത്തിലിറക്കാൻ യുഡിഎഫ് നീക്കം. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ അദ്ദേഹവുമായി പ്രാഥമിക ചർച്ചകൾ നടത്തി. എന്നാൽ, സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ താൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി.

ദീർഘകാലം വി.എസിന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മലമ്പുഴയിലെ വിഎസ് അനുകൂല വോട്ടുകൾ സമാഹരിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിൽ സുരേഷിനുള്ള വ്യക്തിപരമായ ബന്ധങ്ങളും സ്വാധീനവും ഗുണകരമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.

മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന കാര്യം സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. “കോൺഗ്രസ് നേതാക്കൾ എന്നെ വന്ന് കണ്ടിരുന്നു. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ നിലവിൽ ഉറപ്പൊന്നും നൽകിയിട്ടില്ല. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 11 വർഷമായെങ്കിലും ഇപ്പോഴും ഒരു ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് ഞാൻ. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല,” എന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷിനെ മുൻനിർത്തി മലമ്പുഴയിൽ വലിയ രാഷ്ട്രീയ മാറ്റമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സുരേഷ് സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയാണെങ്കിൽ അത് മലമ്പുഴയിൽ ശക്തമായ മത്സരത്തിന് വഴിയൊരുക്കും. സുരേഷിന്റെ നിലപാട് അറിഞ്ഞ ശേഷം ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *