രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിൽ മുൻകൂർജാമ്യം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർജാമ്യം അനുവദിച്ച് ഹൈകോടതി. ആദ്യ ബലാത്സംഗ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 16ന് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് രാഹുൽ ഹാജരാവുന്നത് ഒരു കസ്റ്റഡിയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനം വിട്ട് പോകരുതെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും പാസ്​പോർട്ട് നൽകണമെന്നത് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകൾ രാഹുലിന് ജാമ്യം നൽകുമ്പോൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമാണ് കഴിഞ്ഞ ദിവസം രാഹുലിന്റെ അപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.

എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു

നേരത്തെ 18 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *