ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ചുകൊണ്ടാണ് അബാസ് നഖ്വി സംസാരിച്ചത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ആരോണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നടന്നത് ആഗോള അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. ഫ്രാന്‍സില്‍ വലിയ കുഴപ്പമാണെന്ന് അനില്‍ അംബാനിയോട് നരേന്ദ്രമോദി പറയണമെന്നും രാഹുല്‍ പരിഹസിച്ചു.

റാഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച് പരിശോധന നടത്തുന്നതിനായി ജെപിസി വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഹുല്‍ ഗാന്ധിക്കെതിരെ ‘റഫാലില്‍ കോണ്‍ഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങള്‍’ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജെപിസി വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ജെപിസി വിളിക്കാന്‍ താന്‍ അനുവദിച്ച സമയത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും രാഹുല്‍ ഗാന്ധി അരുണ്‍ ജെയ്റ്റ്‌ലിയെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *