കോട്ടയം:വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ (70), മകൻ സുനിൽ (46) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം.
വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു’ എന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്തുനിന്നും സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക: 1056, 04712552056)

