ദുബായ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ദുബായിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രമുഖ ഗായകൻ ബിജു നാരായണൻ ഉൾപ്പെടെയുള്ള നൂറുകണക്കിന് മലയാളികൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറി ഒന്നര മണിക്കൂറോളം ഇരുന്ന ശേഷമാണ് യാത്ര റദ്ദാക്കിയതായി പൈലറ്റ് അറിയിച്ചതെന്ന് ബിജു നാരായണൻ പറഞ്ഞു.
വിമാനത്തിലേക്ക് ബോർഡിങ് നടക്കുന്ന സമയത്ത് സംഘർഷത്തെക്കുറിച്ചോ യാത്ര റദ്ദാക്കുന്നതിനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ബിജു നാരായണൻ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ ഇരിക്കുമ്പോഴാണ് വാർത്തകളിലൂടെ പുറത്തെ സാഹചര്യം വ്യക്തമായത്. 90 ശതമാനവും മലയാളികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും പിന്നീട് വിമാനത്തിൽ നിന്നും പുറത്തിറക്കി.
അനിശ്ചിതത്വം തുടരുന്നു
രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സുരക്ഷ മുൻനിർത്തി ദുബായിൽ നിന്നുള്ള എല്ലാ വിമാനയാത്രകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നിലവിലെ നിയന്ത്രണങ്ങളെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇറാനിയൻ ആക്രമണത്തിന് പിന്നാലെ മേഖലയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിമാന സർവീസുകളെ ബാധിച്ചിരിക്കുന്നത്.

