വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഖമേനി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഖമേനിയുടെ മരണം സ്ഥിരീകരിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനേയിയുടെ ക്രൂരതയ്‌ക്ക് ഇരയായ അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റുള്ളവർക്കും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. നൂതനമായ ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമേനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി സഹകരിച്ച് നടത്തിയ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ജനതയ്‌ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു
ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്‌ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്.
ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമേനിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പോലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പോലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.

