തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാമെന്ന് വിവിധ വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള 12 വിമാനങ്ങൾ റദ്ദാക്കി
ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ വിദേശികളടക്കമുള്ള യാത്രക്കാർ വലഞ്ഞു.
തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയർ അറേബ്യയുടെ വിമാനം യാത്രാമധ്യേ തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടു. അബുദാബിയിലെത്താൻ ഒരു മണിക്കൂർ ശേഷിക്കുമ്പോഴാണ് വിമാനം തിരുവനന്തപുരത്തേക്കു വഴിതിരിച്ചുവിടുന്നതായി പൈലറ്റ് അറിയിച്ചതെന്ന് ഇതേ വിമാനത്തിലെ യാത്രക്കാരിയും നാഗർകോവിൽ സ്വദേശിനിയുമായ ആരതി പറഞ്ഞു. യുദ്ധത്തെത്തുടർന്ന് വിമാനം അബുദാബിയിൽ ഇറക്കാനാവില്ലെന്നും തൊട്ടടുത്ത ജിദ്ദ വിമാനത്താവളത്തിലേക്കു പോകുന്നതിനുള്ള അധിക ഇന്ധനമില്ലെന്നും പൈലറ്റ് അറിയിച്ചുവെന്നും യാത്രക്കാർ പറഞ്ഞു. വിമാനം വൈകീട്ട് നാലരയോടെ തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരത്തുനിന്നു ദുബായ്, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.
ദോഹ-തിരുവനന്തപുരം, ദുബായ്-തിരുവനന്തപുരം, എത്തിഹാദിന്റെ അബുദാബി-തിരുവനന്തപുരം-അബുദാബി, ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തി തിരികെ ദുബായിലേക്കു പോകേണ്ടിയിരുന്ന എമിറേറ്റ്‌സ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളും അബുദാബി-തിരുവനന്തപുരം-അബുദാബി, ഞായറാഴ്ച അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ശേഷം തിരികെ അബുദാബിയിലേക്കു പോകേണ്ടിയിരുന്ന എത്തിഹാദ് വിമാനവും റദ്ദാക്കി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്റെ നാലുസർവീസുകളും റദ്ദാക്കി.
ഇത്തിഹാദിന്റെ മൂന്ന് സർവീസുകളും എമിറേറ്റ്‌സിന്റെ രണ്ട് സർവീസുകളും ഖത്തർഎയർവേയ്‌സ്, സ്‌പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസുമാണ് റദ്ദാക്കിയത്. കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് സർവീസുകളും മുടങ്ങി.
കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്.

