ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല നാളെ. തലസ്ഥാന നഗരി ഭക്തലക്ഷങ്ങളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ന് ഉച്ചമുതൽ തന്നെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ രാവിലെ 9:15-ന് പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. ജനലക്ഷങ്ങളാണ് നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തുക. പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു.
സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്തർക്കായി ആരോഗ്യവകുപ്പ് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
തലവേദന, തലകറക്കം, ശ്വാസതടസ്സം അല്ലെങ്കിൽ അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും അടുത്തുള്ള മെഡിക്കൽ ക്യാമ്പുകളുടെ സഹായം തേടുകയും ചെയ്യുക.

