പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ജിസിസി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു.
വിഡിയോ കോൺഫറൻസ് വഴി ചേർന്ന ആറ് ഗൾഫ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായി ആവശ്യമെങ്കിൽ തിരിച്ചടി നൽകുന്നതടക്കമുള്ള കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.
മേഖലയിലെ അസ്ഥിരത ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും അതിനാൽ ഇറാൻ ഈ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും ജിസിസി ആവശ്യപ്പെട്ടു. ആക്രമണങ്ങൾ മൂലം ഉണ്ടായ വൻ നാശനഷ്ടങ്ങൾ യോഗം വിലയിരുത്തി.

