ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച, വടക്കൻ ടെഹ്റാനിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിക്ക് നേരെ ശക്തമായ വ്യോമാക്രമണം നടന്നതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഇറാൻ തലസ്ഥാനത്ത് സാധാരണക്കാരെയും ആശുപത്രികളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആക്രമണത്തെത്തുടർന്ന് ആശുപത്രിയുടെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വീൽചെയറുകൾ ചിതറിക്കിടക്കുന്നതും പരിഭ്രാന്തരായ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രിക്ക് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മരുന്നുകളും ഉപകരണങ്ങളും നശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് ദൃക്സാക്ഷികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം, വലിയ ശബ്ദത്തോടെയുള്ള സ്ഫോടനത്തിന് പിന്നാലെ ആശുപത്രി പരിസരം പുകപടലങ്ങളാൽ മൂടപ്പെട്ടു. ഉടൻ തന്നെ രോഗികളെ സ്ട്രെച്ചറുകളിലും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. സയണിസ്റ്റ്-അമേരിക്കൻ സംയുക്ത വ്യോമാക്രമണമാണ് നടന്നതെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

