കൊച്ചി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്ൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.
അതേസമയം, അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്.
യുഎസ്, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇറാന്റേത് നീതീകരിക്കാനാകാത്ത ആക്രമണമാണ് എന്നും തങ്ങളുടെ പരമാധികാരത്തെയും ജനങ്ങളെയും കെട്ടിടങ്ങളെയുമെല്ലാം ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്നുമാണ് രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ പറയുന്നത്. മേഖലയിലെ സ്ഥിരതയെ ഇറാന്റെ ആക്രമണം ഭീഷണിയിലാക്കുന്നുവെന്നും തങ്ങൾക്കും പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇറാൻ ഓർമിക്കണമെന്നും ഏഴ് രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ പറയുന്നു.

