Israel strikes Beirut: ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ആയുധ കേന്ദ്രങ്ങളും ചാമ്പലാക്കി

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായേല്‍. ആയുധ സംഭരണ ​​കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ നഗരമായ ഹൈഫയിൽ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച രാജ്യത്ത് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി ലെബനൻ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ലെബനൻ സെക്ടറിലെ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ അബു ഹംസ റാമിയെ കൊല്ലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അല്‍പനേരം മുമ്പ് എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.

ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹിസ്ബുള്ളയുടെ നേതാവ് നയിം ഖാസിമിനെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയമം, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ഇറാന്റെ സ്‌റ്റേറ്റ് ടിവി ആസ്ഥാനത്തിന് സമീപം സ്‌ഫോടനമുണ്ടായി. ആസ്ഥാനത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടെന്നും, പുക ഉയരുന്നുണ്ടെന്നും, എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തനം തുടരുകയാണെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് ടെലിഗ്രാമിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *