സൗദിയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ ആക്രമണം; ഏഴ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു

റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ എത്തിയ ഏഴ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. തിങ്കളാഴ്ച നടന്ന ആക്രമണ ശ്രമത്തിൽ റിയാദിന് സമീപം അൽഖർജിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് സമീപം അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി പറഞ്ഞത്. ഇറാനിൽ നിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജബാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *