യുഎസ്-ഇറാൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ്. ഇറാന്റെ പരമോന്നത നേതാവ് ഖമനെയിയുടെ കൊലപാതകത്തില്‍ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്ന വിഷയത്തില്‍ നിരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം യുദ്ധത്തെ കുറിച്ച് സാംസാരിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
ഇറാന്റെ പരമോന്നത നേതാവ് ഖമനെയിജിയുടെ കൊലപാതകത്തിൽ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല, അനുശോചനം അറിയിച്ചില്ല എന്ന ചില “നിഷ്കളങ്കരുടെ” ചോദ്യത്തിന് ഉത്തരം. പഹൽഗാം വിഷയത്തിൽ ഈ ഖമനെയിജി വാതുറന്നോ ? ഇല്ല.. പൊതുവിൽ ഇന്ത്യയെ സുഹൃത്ത് ആയി അവർ പറയുമ്പോഴും പാക്കിസ്ഥാൻ, ബംഗ്ലാദേശ് വിഷയം ഒക്കെ എത്തിയാൽ പിന്നേ അവരുടെ ഭാഗമേ ഇറാൻ നിൽക്കൂ. ഇന്ത്യയെന്നല്ല, അന്താരാഷ്ട്ര തലത്തിലും ഖമനയി ജിയുടെ മരണത്തോടുള്ള പ്രതികരണം പരിമിതമായിരുന്നു. തുർക്കി, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളൊഴികെ മറ്റാരും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും പല ഗൾഫ് രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയോ വിമർശനാത്മക നിലപാട് സ്വീകരിക്കുകയോ ആണ് ഉണ്ടായത്. എന്തിനു പറയുന്നു.. ഇറാനിൽ പോലും 40% ആളുകൾ ഇതറിഞ്ഞു തെരുവിൽ ഇറങ്ങി സന്തോഷിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖമനയി ജി മുൻപ് നടത്തിയിട്ടുള്ള ഇടപെടലുകളും പാകിസ്ഥാൻ അനുകൂലം ആയിരുന്നു . ഇന്ത്യ കശ്മീരിൽ ആർട്ടിക്കിൾ 370 വിഷയം വന്നപ്പോഴും ,പൗരത്വ നിയമ ഭേദഗതി (CAA) തുടങ്ങിയ വിഷയങ്ങളിൽ ഖമനെയിജി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലായിട്ടാണ് നമ്മൾ കാണേണ്ടത്.

