അന്ന ഒരു തെറ്റും ചെയ്തിട്ടില്ല; മാപ്പ് പറയേണ്ടത് ലജ്ജയില്ലാതെ വീഡിയോ പകർത്തിയ നട്ടെല്ലില്ലാത്തവർ; മാധവ് സുരേഷ്

ആറ്റുകാൽ പൊങ്കാല അർപ്പിക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള വിവാദത്തിൽ മാപ്പ് പറഞ്ഞു രംഗത്തെത്തിയ അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ് രംഗത്ത്. അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും നടൻ മാധവ് സുരേഷ് പറഞ്ഞു. തെറ്റായി വിഡിയോ ചിത്രീകരിച്ച യൂട്യൂബേഴ്സാണ് യഥാർഥത്തിൽ മാപ്പ് പറയേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ മാധവ് കുറിച്ചു.

മാധവ് സുരേഷിന്റെ വാക്കുകൾ…

‘പൂജ ചെയ്യുന്ന സ്ത്രീകളുടെ വി‍ഡിയോ അവരുടെ അന്തസിന് വില കൽപിക്കാതെ പലപ്പോഴും ക്ലിക്ക് കിട്ടുന്നതിനായി ചില യുട്യൂബേഴ്സ് പകർത്തി പങ്കുവയ്ക്കുന്നു. ഇതുമൂലം പലപ്പോഴും മാപ്പ് പറയേണ്ടി വരുന്നത് സെലിബ്രിറ്റികളാണ്. വാസ്തവത്തിൽ അന്ന രാജൻ മാപ്പ് പറയേണ്ടതില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ഇത്തരത്തിൽ ലജ്ജയില്ലാതെ വിഡിയോ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ മാധവ് സുരേഷ് കുറിച്ചു.

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വിഷയത്തിൽ അന്ന രാജൻ പ്രതികരിച്ചത്. ‘എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും, എന്നായിരുന്നു അന്നയുടെ പ്രതികരണം.

പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്നയുടെ വിഡിയോകൾ വൈറലായപ്പോൾ താരത്തിന്റെ വസ്ത്രധാരണം അടക്കം ചർച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്. സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. യൂട്യൂബ് ചാനലുകളിൽ നിറയെ അന്നയുടെ വിഡിയോയായിരുന്നു. എന്നാൽ നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും സൂക്ഷിക്കേണ്ടത് സ്വന്തം കടമയായിരുന്നുവെന്നും വിമർശനം വന്നു. പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്നതരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *