ഇറാന്റെ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളും അതിന്റെ ഭാഗമായ ‘കറുത്ത മഴയും’ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇറാനിൽ എണ്ണ കലർന്ന മഴ പെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കറുത്ത മഴയും അതിനോടൊപ്പമുള്ള അമ്ലമഴയും ശ്വസനപ്രക്രിയയിൽ വലിയ അപകടമുണ്ടാക്കുമെന്ന് സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു. വീടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണത്തെ തുടർന്ന് വായുവിൽ ഹൈഡ്രോകാർബണുകൾ, സൾഫർ ഓക്സൈഡുകൾ, നൈട്രജൻ സംയുക്തങ്ങൾ തുടങ്ങിയ വിഷാംശങ്ങൾ വൻതോതിൽ കലരാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംഭാഷണം നടത്തി. രാജ്യാന്തര വിഷയങ്ങളെ കുറിച്ച് ഇരുനേതാക്കളും സംഭാഷണം നടത്തിയെന്ന് റഷ്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. പുട്ടിനുമായുള്ള സംഭാഷണത്തെ കുറിച്ചു യുഎസ് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയെ കുറിച്ചും തങ്ങൾ സംസാരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.

