മൈനുകളുമായെത്തിയ ഇറാന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ തകര്‍ത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തെന്നാണ് യുഎസ് അവകാശപ്പെട്ടത്.
അതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി യുഎന്‍ സെക്രട്ടറി ജനറലുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേല്‍-അമേരിക്കന്‍ കടന്നുകയറ്റത്തിനെതിരെ യുഎന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം സ്വയം പ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഈജിപ്ത് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇറാനിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്. ഖമനേയി ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരം ഉപയോഗിക്കണമെന്ന് ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യമാണ് ഇസ്രയേല്‍ ഒരുക്കുന്നതെന്നാണ് നെതന്യാഹു പറഞ്ഞത്.
അതേസമയം ഇറാനില്‍ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടട് 1,300 പേരെന്ന് ഇറാന്‍ സര്‍ക്കാര്‍. 12,000ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഎസുമായുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്നും ഇസ്രയേലിലെ എണ്ണ ശുദ്ധീകരണ ശാലയിലും ഇന്ധന ടാങ്കുകള്‍ക്ക് നേരെയും ആക്രമണം നടത്തിയെന്നും ഇറാന്‍ പറഞ്ഞു. ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിനെ ഉപയോഗിക്കരുതെന്ന് യുഎസിനോട് ഇറാഖ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

