പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ദേശീയപാത തലപ്പാടി-രാമനാട്ടുകര സ്ട്രെച്ചിൻ്റെ ഉദ്ഘാടനത്തിൽ നിന്നുമാണ് മന്ത്രിയെ ഒഴിവാക്കിയത്.
സംസ്ഥാനം സാമ്പത്തിക പങ്കാളിത്തം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിലാണ് ഒഴിവാക്കൽ. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരിന് അതൃപ്തി. രാഷ്ട്രീയ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന.
ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്‍റെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയ്ക്ക് പുറമെ 10,800 കോടിയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കമിടും. ഉച്ചയ്ക്ക് 1.15ന് കലൂര്‍ സ്റ്റേഡിയത്തിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടത്തുക. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎലില്‍ നിര്‍മിക്കുന്ന പോളി പ്രൊപ്പിലിന്‍ പ്ലാന്‍റിനും പ്രധാനമന്ത്രി തറക്കല്ലിടും.

