പുനലൂർ (കൊല്ലം): പുനലൂർ മുക്കടവിൽ മൃതദേഹം മരത്തിൽ ചങ്ങലക്കിട്ട സംഭവത്തിൽ വഴിത്തിരിവ്. മരണപ്പെട്ടത് പ്രതി എന്ന് മുമ്പ് സംശയിച്ച അനിക്കുട്ടനാണെന്ന് പൊലീസ് സ്ഥിരീകരണം. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ചേറ്റാരിക്കൽ ക്ഷേത്രത്തിന് സമീപം, അനികുട്ടൻ എന്ന പാപ്പറാണ് (46) മരിച്ചതെന്ന് പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കർ അറിയിച്ചു. എന്നാൽ, ഇത് കൊലപാതകമോ ആത്മഹത്യയോയാണെന്ന് സ്ഥിരികരിക്കാൻ പൊലീസ് ഇതുവരെ തയാറായില്ല.
പുനലൂർ പൊലീസ് സ്റ്റേഷനിൽ 2025 സെപ്റ്റംബർ 23നാണ് കേസ് റിപ്പോർട്ട് ചെയ്തത്. അജ്ഞാതനും ഇടത് കാലിന് സ്വാധീനവും ഇല്ലാത്ത മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ആളിനെയോ പ്രതികളെയൊ തിരിച്ചറിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വെട്ടിത്തിട്ടയിലെ പെട്രോൾ പമ്പിൽനിന്നും കന്നാസുമായി നിൽക്കുന്ന അനിക്കുട്ടന്റെ ദൃശ്യം പൊലീസിന് ലഭിച്ചത്. ഇയാളെ കുറിച്ചുള്ള അന്വേഷണം നടത്തുകയും അനിക്കുട്ടനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ ഡി.എൻ.എയും അനിക്കുട്ടന്റെ ബന്ധുക്കളുടേ ഡി.എൻ.എയും പരിശോധന നടത്തി.
എന്നാൽ, അനിക്കുട്ടനാണ് മരണപ്പെട്ടതെന്നുള്ള വിവരം ഇപ്പോൾ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബർ മുതൽ ചാരുംമൂട്നിന്ന് അനിക്കുട്ടനെ കാണാതായതായും കൊലപാതകം നടന്നതിന് അടുത്ത ദിവസങ്ങളിൽ അനിക്കുട്ടന്റെ സാന്നിധ്യം പുനലൂരിൽ ഉണ്ടായതായും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 17ന് വൈകീട്ട് 3.18ന് കന്നാസുമായി അനികുട്ടൻ പമ്പിൽ നിൽക്കുന്ന വിവിധ ദൃശ്യങ്ങളും ലഭിച്ചിരുന്നു.
കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുന്നത്. പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ ഒരു വെള്ള കന്നാസ് മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് അന്ന് കണ്ടെടുത്തിരുന്നു. ഇതാണ് അനിക്കുട്ടനിലേക്ക് അന്വേഷണം നീണ്ടത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവും മുഖം ഉൾപ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ചുഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രത്യേക സംഘം തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അനിക്കുട്ടന്റെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് തയാറായില്ല.

