കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയപാത ഉദ്ഘാടന പരിപാടിയിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനവുമായി സംസ്ഥാന സർക്കാർ.
മോദിയുടെ പരിപാടി ബഹിഷ്കരിക്കുന്ന സർക്കാർ സമാന്തരമായി റോഡ് ഉദ്ഘാടന പരിപാടികൾ നടത്താനാണ് നീക്കം. ഇതിന്‍റെ ഭാഗമായി ഉച്ചക്ക് 12ന് രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിൽ മന്ത്രി റിയാസിന്‍റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തും. നേരത്തെ ദേശീയപാത വികസന ഉദ്ഘാടന ചടങ്ങിൽനിന്ന് മന്ത്രി റിയാസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി രാജേഷും കൃഷ്ണൻകുട്ടിയും പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചു.
പിന്നാലെയാണ് സമാന്തര ഉദ്ഘാടമെന്ന ആശയവുമായി സർക്കാർ രംഗത്തുവന്നത്. ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയായ തന്നെ ഒഴിവാക്കിയത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് റിയാസ് പ്രതികരിച്ചു. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാതക്കായി പണം ചെലവഴിച്ചിട്ടും അത് തമസ്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫിസിൽ നിന്ന് ഔദ്യോഗിക ക്ഷണം ഉണ്ടായില്ല. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.
പൊതു മരാമത്ത് മന്ത്രിയുടെ പേര് വെട്ടിമാറ്റിയാണോ ബി.ജെപി സംസ്ഥാന അധ്യക്ഷനെ പട്ടികയിലുൾപ്പെടുത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്പര്യം മാത്രമാണ്. പരിപാടിയിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുമ്പോൾ കേരളത്തിലെ മറ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരെയും വിളിക്കേണ്ടെയെന്നും റിയാസ് ചോദിച്ചു.
മന്ത്രി റിയാസിനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കാസർകോട്ട് സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. രാവിലെ 11ന് കാസർകോട് നുള്ളിപ്പാടിയിൽ മേൽപ്പാലം ആരംഭിക്കുന്ന സ്ഥലത്ത് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയാണ് നാട മുറിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിയുടെ നാലാൾ ചേർന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാത എന്ന് കുഞ്ഞമ്പു പറഞ്ഞു.
കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമിച്ച ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ ഉമ തോമസ് എന്നിവർക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി.

