ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇവിടെ ഇന്ത്യന്‍ ജനതയുടെ നെഞ്ചിലും തീയാണ്. രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുമോ എന്ന ചോദ്യമാണ് എല്ലാവരിലും ആശങ്ക വിതയ്ക്കുന്നത്. എല്‍പിജി ലഭ്യത കുറഞ്ഞതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതും ജനങ്ങളില്‍ ഭയം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് കേന്ദ്രം.
രാജ്യത്ത് നിലവില്‍ ഇന്ധനത്തിനോ ഊര്‍ജത്തിനോ ഒരു ക്ഷാമവുമില്ലെന്ന് പറയുകയാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക ഊര്‍ജ ചരിത്രത്തില്‍ ലോകം ഇതുപോലൊരു നിമിഷത്തെ അഭിമുഖീകരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണം ഇപ്പോഴും സുരക്ഷിതമാണ്. ഹോര്‍മുസ് വഴി എത്തുമായിരുന്നതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴുള്ള അളവ്. ഈ പ്രതിസന്ധി വരും മുമ്പ് ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ ഏകദേശം 45 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പ്രധാനമന്ത്രി നടത്തുന്ന മികച്ച നയതന്ത്ര ഇടപെടലിനും സൗഹാര്‍ദത്തിനും നന്ദി അറിയിക്കുന്നു. ഹോര്‍മുസ് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ നിലവില്‍ ഇന്ത്യ നേടിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എണ്ണം ശുദ്ധീകരണശാലകള്‍ ഉയര്‍ന്ന ശേഷിയോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും അവ 100 ശതമാനത്തിലധികവും പ്രവര്‍ത്തിക്കുന്നു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, എടിഎഫ് എന്നിവയിലും കുറവില്ല. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, മണ്ണെണ്ണ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ എല്‍പിജി ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പ്രതിദിനം 50 ലക്ഷം എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് പെട്രോളിയും-പ്രകൃതിവാതക മന്ത്രാലയത്തിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓയില്‍ റിഫൈനറി ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. ആളുകളിലുള്ള പരിഭ്രാന്തി കാരണം ബുക്കിങുകള്‍ വര്‍ധിച്ചതായും അവര്‍ പറയുന്നു.

