മുംബൈ: അഹമ്മദാബാദിൽ വെച്ച് നടന്ന ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പോലീസിൽ പരാതി. ന്യൂസീലൻഡിനെതിരായ ഫൈനൽ വിജയത്തിനു ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാർദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണ് പറയുന്നത്. ഒരു അഭിഭാഷകൻ ആണ് പൊലീസിൽ പരാതി നൽകിയത്. പാണ്ഡ്യയ്ക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
വാജിദ് ഖാൻ എന്നയാളാണു പരാതിയുമായി സമീപിച്ചതെന്ന് ശിവാജി നഗർ പൊലീസ് അറിയിച്ചു. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ ദേശീയ പതാക പുതച്ച് ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യ, മോശം രീതിയിലാണു പെരുമാറിയതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് അഭിഭാഷകന്റെ ആവശ്യം. ലോകകപ്പ് വിജയത്തിനു ശേഷം കാമുകി മഹിക ശർമയുമൊത്ത് ഗ്രൗണ്ടിൽ നൃത്തം ചെയ്യുകയും വിജയികൾക്കുള്ള പോഡിയത്തിൽ കിടക്കുകയും ചെയ്ത പാണ്ഡ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയര്‍ന്നിരുന്നു. മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ മഹികയെ തന്റെ ‘ലക്കി ചാം’ എന്നാണ് ഹാർദിക് വിശേഷിപ്പിച്ചത്. അവൾ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ ഭാഗ്യം തെളിഞ്ഞെന്നും വിജയം തുടർക്കഥയായെന്നും ഹാർദിക് പറഞ്ഞു. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഹാർദിക്കും മഹികയും തമ്മിൽ ഡേറ്റിങ് ആരംഭിച്ചത്.
ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ഹാർദിക്കിനെ പിന്തുണയ്ക്കുന്ന മഹികയെ പലപ്പോഴും കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാർദിക്കിന്റെ മകൻ അഗസ്ത്യയും അവർക്കൊപ്പമുണ്ടായിരുന്നു. 32 വയസ്സുകാരനായ പാണ്ഡ്യയെ ഐസിസിയുടെ ലോകകപ്പ് ടീമിലും ഉൾപ്പെടുത്തിയിരുന്നു. ലോകകപ്പിൽ ഒൻപതു മത്സരങ്ങളിൽ കളിച്ച പാണ്ഡ്യ ഒൻപതു വിക്കറ്റുകളും 217 റൺസുമാണ് ഇതുവരെ സ്വന്തമാക്കിയത്.

