അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല സത്ത് മാത്രം പ്രയോഗിച്ചിട്ടു കാര്യമില്ല. പപ്പായ ഇലയോടൊപ്പം മറ്റു ചിലതു കൂടി ചേര്‍ത്താല്‍ പതിവായി ഉപയോഗിക്കാവുന്ന ജൈവ കീടനാശിനി തയാറാക്കാം.
പപ്പായ ഇലയും വെളുത്തുള്ളിയും
നല്ല വലിപ്പമുള്ള പപ്പായ ഇലയെടുക്കുക, ചെടികള്‍ കൂടുതലുണ്ടെങ്കില്‍ ഇലയുടെ അളവ് കൂട്ടാം. ഇലകള്‍ ചെറുതായി മുറിച്ച് അടപ്പുള്ള പാത്രത്തിലിടുക. അഞ്ച് ഇല്ലി വെളുത്തുള്ളി ചതച്ച് ഇതിലേക്കിടുക. ഒരു ഗ്ലാസ് കഞ്ഞിവെള്ളം കൂടി ഒഴിക്കുക. ഇല മുങ്ങാന്‍ പാകത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം പാത്രമടച്ച് 24 മണിക്കൂര്‍ മാറ്റിവയ്ക്കുക.
പ്രയോഗിക്കേണ്ട രീതി
ഒരു ദിവസത്തിന് ശേഷം പാത്രം തുറന്ന് ഇലകള്‍ നന്നായി ഞെരടി സത്ത് ഊറ്റിയെടുക്കുക. അരിച്ചെടുത്ത ശേഷം മൂന്നിരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം. ചെറിയ ചെടികളാണെങ്കില്‍ നാലിരട്ടി വെള്ളം ചേര്‍ത്തു വേണം തളിക്കാന്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല വീര്യമുള്ള ലായനി ആയതിനാല്‍ നേര്‍പ്പിച്ച ശേഷം മാത്രമേ ചെടികളില്‍ തളിക്കാവൂ. ഇലകളുടെ അടിയിലും മുകളിലും കിട്ടത്തക്ക വിധം വേണം തളിക്കാന്‍. വെള്ളീച്ച, തണ്ടുതുരപ്പന്‍, ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ തുരത്താനുമിതേറെ നല്ലതാണ്. കീടങ്ങളുടെ ആക്രമണമുള്ള ചെടിയാണെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ പ്രയോഗിക്കണം. കീടങ്ങള്‍ വരാതിരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കാം.

