കരുനാഗപ്പള്ളി ∙ പട്ടാപ്പകൽ പിന്തുടർന്നെത്തി ഇടിച്ചു കുഴിയിൽ വീഴ്ത്തിയ കാറിനകത്തുനിന്നു വലതുവശത്തു കൂടി വെളിയിലേക്കു തള്ളിയിറക്കിയ അതുലിനെ നിലത്തിട്ടു തലങ്ങും വിലങ്ങും വെട്ടിയ ശേഷമാണ് അക്രമിസംഘം സ്ഥലംവിട്ടത്. ഒന്നര മിനിറ്റിനിടയിലായിരുന്നു ആക്രമണം. പുതിയകാവിൽ നിർമാണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡിൽ ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം.
ദേശീയപാത വഴി ഒട്ടേറെ വാഹനങ്ങൾ ഇതിനിടെ കടന്നു പോയെങ്കിലും ആരും ഇറങ്ങിയില്ല. ആക്രമികൾ പോയതിനു ശേഷം ആളുകൾ ഓടിക്കൂടിയെങ്കിലും അതുൽ പരുക്കേറ്റു രക്തം വാർന്ന് ആരും എടുക്കാനില്ലാതെ ഏറെ നേരം അവിടെത്തന്നെ കിടന്നു. പിന്നീട് പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അൽപസമയത്തിനുള്ളിൽ മരണം സ്ഥിരീകരിച്ചു. പകൽവെളിച്ചത്തിൽ മുഖം മറയ്ക്കുക പോലും ചെയ്യാതെ ആയിരുന്നു ആക്രമണം. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽനിന്നു ലഭിച്ചിട്ടുണ്ട്
ജിം സന്തോഷ് വധക്കേസിലെ രണ്ടാം പ്രതി ഓച്ചിറ മഠത്തിൽക്കാരായ്മ കൃഷ്ണവിലാസം വീട്ടിൽ അലുവ അതുൽ എന്നു വിളിക്കുന്ന അതുൽ (31) ആണ് കൊല്ലപ്പെട്ടത്. ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയായ മനുവിന് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11.15ന് ആയിരുന്നു സംഭവം. ഒരു വർഷം മുൻപു നടന്ന ജിം സന്തോഷ് വധക്കേസിൽ ജാമ്യം ലഭിച്ച അതുൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം ഓച്ചിറ ഭാഗത്തേക്കു മടങ്ങുമ്പോൾ പിറകെ വന്ന കാർ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തു വശത്തിടിക്കുകയായിരുന്നു. ഇതോടെ അതുൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു വലതുഭാഗത്തെ കുഴിയിലേക്ക് ഇറങ്ങിനിന്നു. ഉടൻ ഇടിച്ച വാഹനത്തിൽ നിന്ന് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി നാലു പേർ ഇറങ്ങി അതുലിന്റെ കാറിന്റെ പിറകിലെ ഗ്ലാസ് തകർക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഗുണ്ടാ നേതാവ് അതുലിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളെയും ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. പ്രതികളുടെ വാഹനവും പിടിച്ചെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്.
നാലു പ്രതികളെ മുണ്ടക്കയത്തിന് സമീപമുള്ള മുരിക്കും വയലിൽ നിന്ന് രാത്രി 11.30 യോടെയാണ് പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശി വിഷ്ണു, കുലശേഖരപുരം സ്വദേശികളായ ഹുസൈൻ, മുഹമ്മദ് ആഷിക്, നൗഫൽ എന്നിവരാണ് മുണ്ടക്കയത്തു നിന്നു പിടിയിലായത്. കൊലപാതകത്തിന് ശേഷം കാറിൽ കൊല്ലത്തു നിന്നും കടന്നുകളഞ്ഞ നാലംഗ സംഘം വിവിധ സ്ഥലങ്ങൾ ചുറ്റിത്തിരിഞ്ഞ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുവാനാണ് മുണ്ടക്കയം ഭാഗത്തേക്ക് വന്നത്. പ്രതികളെ രഹസ്യമായി പിന്തുടർന്ന പൊലീസ് കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽ തടയാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്നു മുണ്ടക്കയം ഭാഗത്തേക്ക് വന്ന ഇവരെ മുണ്ടക്കയം എരുമേലി റൂട്ടിലെ പുത്തൻചന്തയിൽ വീണ്ടും പിടികൂടാൻ ശ്രമം നടത്തി. പൊലീസിനെ വെട്ടിച്ച് എരുമേലി റൂട്ടിലേക്ക് വന്ന ഇവർ മുണ്ടക്കയത്ത് നിന്നും നാലു കിലോമീറ്റർ മാറി അമരവതിയിൽ നിന്നും ഗ്രാമപ്രദേശമായ പുഞ്ചവയൽ റൂട്ടിലേക്ക് തിരിഞ്ഞു പോവുകയായിരുന്നു. ഈ റൂട്ടിൽ മുരിക്കും വയൽ ഗവൺമെന്റ് സ്കൂളിന് സമീപം എത്തി ചെറിയ റോഡിലൂടെ പോകാൻ ശ്രമിക്കുന്നതിനിടെ വണ്ടി റോഡിൽ കുടുങ്ങുകയും വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസും

