കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ചൂടുപിടിച്ച ചർച്ചകൾക്കും അണമുറിയാത്ത പ്രചാരണങ്ങൾക്കുമൊടുവിൽ മെയ് 4-ന് കേരളം ആര് ഭരിക്കുമെന്ന് ലോകമറിയും.
തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി ചരിത്രം കുറിക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അവരുടെ വിശ്വാസം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവത്വത്തിനും അനുഭവസമ്പത്തിനും ഒരേപോലെ പ്രാധാന്യം നൽകിക്കൊണ്ട് എൽ.ഡി.എഫ് പ്രാചരണം തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ തവണത്തെ പിഴവുകൾ തിരുത്തി, വൻ തിരിച്ചുവരവിനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ആയുധമാക്കി, ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. പ്രമുഖ നേതാക്കൾ നേരിട്ട് മത്സരരംഗത്തിറങ്ങുന്നതോടെ പോരാട്ടം കനക്കും.
ശക്തി തെളിയിക്കാൻ എൻ.ഡി.എ
കേരള രാഷ്ട്രീയത്തിൽ തങ്ങൾ വെറുമൊരു കാഴ്ചക്കാരല്ലെന്ന് തെളിയിക്കാനാണ് എൻ.ഡി.എയുടെ പുറപ്പാട്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വർദ്ധിച്ച സ്വാധീനവും വോട്ടാക്കി മാറ്റാൻ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം തന്ത്രങ്ങൾ മെനയുന്നു. പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണ്ണായക ശക്തിയായി എൻ.ഡി.എ മാറും.
വേനൽക്കാലത്തെ കനത്ത ചൂടിനെക്കാൾ വലിയ ആവേശമാണ് കേരളത്തിലെ രാഷ്ട്രീയ ക്യാമ്പുകളിൽ. സോഷ്യൽ മീഡിയയിൽ സൈബർ പോരാളികൾ ഏറ്റുമുട്ടുമ്പോൾ, താഴെത്തട്ടിൽ കുടുംബയോഗങ്ങളും കാൽനട ജാഥകളും സജീവമാണ്. തൃശൂർ, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ‘ഹോട്ട് സീറ്റുകളിൽ’ ആര് വാഴും എന്ന് പ്രവചിക്കുക അസാധ്യമാണ്. സ്ഥാനാർത്ഥി പട്ടികകൾ ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ വരും ദിവസങ്ങളിൽ പ്രചാരണം അതിന്റെ പാരമ്യത്തിലെത്തും.

